ദില്ലി: രാജ്യത്തെ ഇന്ധനമേഖലയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. പെട്രോളിൽ 85 ശതമാനം എത്തനോൾ കലർത്തിയ ‘ഇ85’ (E85) ഇന്ധനം പുറത്തിറക്കുന്നതിനുള്ള കരട് നിയമങ്ങൾ ഉടൻ പ്രാബല്യത്തിൽ വരും. നിലവിൽ ഉപയോഗിക്കുന്ന ഇ20 (20% എത്തനോൾ) പെട്രോളിന് പിന്നാലെയാണ് ഈ വലിയ നീക്കം. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോള എണ്ണവിപണിയെ അസ്ഥിരപ്പെടുത്തുന്ന സാഹചര്യത്തിൽ, ഇന്ധന ഇറക്കുമതി കുറച്ച് സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ തന്ത്രപ്രധാനമായ പ്ലാനായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.
എത്തനോൾ 85 അഥവാ ‘ഫ്ലെക്സ് ഫ്യൂവൽ’ പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാരും വാഹന നിർമ്മാതാക്കളും തമ്മിൽ ഇതിനോടകം ധാരണയിലെത്തിയിട്ടുണ്ട്. കരിമ്പ്, ചോളം, മറ്റ് ധാന്യങ്ങൾ എന്നിവയിൽ നിന്ന് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കാവുന്ന എത്തനോൾ പരിസ്ഥിതി സൗഹൃദവും പുനരുപയോഗിക്കാവുന്നതുമാണ്. 100 ശതമാനം എത്തനോളിൽ ഓടുന്ന കാർ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു. എണ്ണ ആവശ്യകതയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക്, പുതിയ നീക്കം വിദേശ നാണയ ലാഭത്തിനും കർഷകർക്ക് മികച്ച വരുമാനത്തിനും വഴിതുറക്കും.
എങ്കിലും, ഇ85 ഇന്ധനം ഉപയോഗിക്കുന്നതിന് സാങ്കേതികമായ ചില വെല്ലുവിളികളുണ്ട്. ഉയർന്ന അളവിൽ എത്തനോൾ അടങ്ങിയ ഇന്ധനം ഉപയോഗിക്കാൻ സാധാരണ പെട്രോൾ എഞ്ചിനുകൾക്ക് സാധിക്കില്ല; ഇത് എഞ്ചിൻ തുരുമ്പെടുക്കാനും തകരാറിലാകാനും കാരണമാകും. അതിനാൽ, ‘ഫ്ലെക്സ് ഫ്യൂവൽ വാഹനങ്ങൾ’ (FFVs) എന്ന പേരിൽ പുതിയ തരം എഞ്ചിനുകൾ നിർമ്മിക്കാൻ വാഹന നിർമ്മാതാക്കളോട് സർക്കാർ ആവശ്യപ്പെടും. പെട്രോൾ പമ്പുകളിൽ ഇ85 വിതരണത്തിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. ഇന്ധനക്ഷമതയിൽ നേരിയ കുറവുണ്ടായേക്കാമെങ്കിലും, ഊർജ്ജ പ്രതിസന്ധികളെ മറികടക്കാൻ ഈ പദ്ധതി ഇന്ത്യയെ സഹായിക്കും.
