​ഇ. ശ്രീധരന്റെ അതിവേഗ പാത യുക്തിഹീനമായ ആഡംബരം; സിൽവർ ലൈൻ മോഡലെങ്കിൽ വീണ്ടും എതിർക്കുമെന്ന് കെ റെയിൽ വിരുദ്ധ സമിതി

തിരുവനന്തപുരം: ഇ. ശ്രീധരൻ മുന്നോട്ട് വെച്ച അതിവേഗ റെയിൽപ്പാത കേരളത്തിന്റെ യഥാർത്ഥ ആവശ്യങ്ങൾക്ക് നിരക്കാത്തതാണെന്ന് കെ റെയിൽ വിരുദ്ധ ജനകീയ സമിതി. ഇത് തികച്ചും യുക്തിഹീനമായ ഒരു പദ്ധതിയാണെന്നും സമിതി കുറ്റപ്പെടുത്തി. കേരളത്തിന് ഇപ്പോൾ ആവശ്യം അതിവേഗ റെയിലുകൾ പോലെയുള്ള ആഡംബരങ്ങളല്ല, മറിച്ച് സാധാരണക്കാരായ യാത്രക്കാർക്ക് ശ്വാസം മുട്ടാതെ യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിൽ പൊതു റെയിൽ ഗതാഗതം മെച്ചപ്പെടുത്തുകയാണ് വേണ്ടത്. അതിനായി കൂടുതൽ റെയിൽപ്പാതകൾ നിർമ്മിക്കുകയും സിഗ്നലിങ് സംവിധാനങ്ങൾ ആധുനികീകരിക്കുകയും ചെയ്യണമെന്ന് സമിതി ആവശ്യപ്പെട്ടു.​

നിലവിലുള്ള റെയിൽവേയുടെ സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തിയാൽ തന്നെ ട്രെയിനുകളുടെ വേഗതക്കുറവ് പരിഹരിക്കാൻ സാധിക്കുമെന്നാണ് സമിതിയുടെ പക്ഷം. ഈ വിഷയത്തിൽ തങ്ങൾ ഒരു ജാഗ്രതാ സമിതിയായി തുടർന്നും പ്രവർത്തിക്കുമെന്നും, വരും ദിവസങ്ങളിൽ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും ഇവർ വ്യക്തമാക്കി.​

ശ്രീധരന്റെ പുതിയ റിപ്പോർട്ട്‌ പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതിയിൽ തങ്ങൾക്ക് വിശ്വാസമുണ്ട്. എന്നാൽ, പഠനത്തിന് ശേഷം പുറത്തുവരുന്ന പദ്ധതി മുൻപുണ്ടായിരുന്ന സിൽവർ ലൈനിന് സമാനമായ ഒന്നാണെങ്കിൽ അതിനെ ശക്തമായിത്തന്നെ എതിർക്കുമെന്നും കെ റെയിൽ വിരുദ്ധ ജനകീയ സമിതി മുന്നറിയിപ്പ് നൽകി.