മുൻ മേയർ ആര്യ രാജേന്ദ്രനുമായി കോർത്ത കെഎസ്ആർടിസി ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനം

തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനുമായി റോഡിൽ വെച്ച് തർക്കത്തിലായതിനെ തുടർന്ന് വിവാദത്തിലായ മുൻ കെഎസ്ആർടിസി താൽക്കാലിക ഡ്രൈവർ എച്ച്.എൽ. യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം നൽകി. ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തിന് പിന്നാലെ യദു മേയർക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെ കെഎസ്ആർടിസി ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. തുടർന്ന് ഐഎൻടിയുസിയിൽ ചേർന്ന യദുവിന് ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കത്ത് നൽകിയിരുന്നു. ഈ ശുപാർശ പരിഗണിച്ചാണ് ഇപ്പോൾ നിയമസഭയിൽ താൽക്കാലിക നിയമനം നൽകിയിരിക്കുന്നത്.​

അതേസമയം, യദുവിനെ കെഎസ്ആർടിസിയിൽ നിന്ന് പുറത്താക്കിയത് മേയർ ആര്യ രാജേന്ദ്രനുമായി പ്രശ്നമുണ്ടാക്കിയതു കൊണ്ടല്ലെന്നും, മറിച്ച് ഫോണിൽ സംസാരിച്ച് വാഹനം ഓടിച്ചതുകൊണ്ടാണെന്നുമായിരുന്നു ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വാദം. തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള യാത്രയിൽ തുടർച്ചയായി ആറ് മണിക്കൂർ ഇയർഫോൺ വെച്ച് യദു ഫോണിൽ സംസാരിച്ചതായും, ഇത് ബസിലെ അറുപതോളം യാത്രക്കാരുടെയും റോഡിലെ മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കുന്ന നടപടിയാണെന്നും മന്ത്രി പറഞ്ഞിരുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ കോൾ ഡീറ്റെയിൽസ് സഹിതം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി സിഎംഡി നടപടിയെടുത്തതെന്നും, ആര്യയുമായുള്ള പ്രശ്നത്തെക്കുറിച്ച് മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ തന്നോട് സംസാരിച്ചിട്ടില്ലെന്നും മന്ത്രി ഒരു സ്വകാര്യ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.​

എന്നാൽ, മന്ത്രിയുടെ ഈ വാദങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് കെഎസ്ആർടിസിയിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖകൾ മുൻനിർത്തി യദു പിന്നീട് വ്യക്തമാക്കുകയുണ്ടായി. ആര്യ രാജേന്ദ്രനുമായുള്ള റോഡിലെ തർക്കവും അതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങളും നിലനിൽക്കെത്തന്നെയാണ് യദുവിന് ഇപ്പോൾ നിയമസഭയിൽ പുതിയ താൽക്കാലിക ജോലി ലഭിച്ചിരിക്കുന്നത്.