പഞ്ചാബിലെ രാജ്പുരയ്ക്ക് സമീപം കർമഭൂമി എക്സ്പ്രസ്സിന് തീപിടിച്ചു. അമൃത്സറിൽ നിന്നും പശ്ചിമ ബംഗാളിലെ സിലിഗുരിയിലുള്ള ന്യൂ ജൽപായ്ഗുരി ജംഗ്ഷനിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അപകടമുണ്ടായത്. വെള്ളിയാഴ്ചകളിൽ മാത്രം സർവീസ് നടത്തുന്ന ഈ പ്രത്യേക ട്രെയിനിൽ ദീപാവലി ആഘോഷങ്ങൾക്കായി വീടുകളിലേക്ക് മടങ്ങുകയായിരുന്ന നിരവധി യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ഒരു കോച്ചിലെ ഫാനിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് റെയിൽവേ നൽകുന്ന പ്രാഥമിക വിശദീകരണം. തീ പടരുന്നത് കണ്ടതോടെ ട്രെയിൻ ഉടൻ തന്നെ നിർത്തിയിട്ടു. തുടർന്ന് റെയിൽവേ അധികൃതരും തദ്ദേശീയരും ചേർന്ന് നടത്തിയ ശ്രമങ്ങൾക്കൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
അപകടത്തിൽ ട്രെയിനിന്റെ മൂന്ന് കോച്ചുകൾ പൂർണ്ണമായി കത്തിനശിച്ചു. നാലാമത്തെ കോച്ചിലേക്ക് തീ പടരുന്നതിനിടെയാണ് അണയ്ക്കാനായത്. പുക ഉയർന്നതോടെ ഭയന്ന യാത്രക്കാർ പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇത്തരത്തിൽ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടുന്നതിനിടയിലും വീണുമാണ് ഭൂരിഭാഗം പേർക്കും പരിക്കേറ്റത്. ട്രെയിനിൽ ഉണ്ടായിരുന്ന യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചിട്ടുണ്ട്.
