പതിനാറാം കേരള നിയമസഭയിൽ 11 വനിതാ പ്രതിനിധികൾ; യുഡിഎഫിൽ നിന്ന് ഒൻപത് പേർ

പതിനാറാം കേരള നിയമസഭയിൽ ഇത്തവണ 11 വനിതാ പ്രതിനിധികളാണുണ്ടാകുക. കഴിഞ്ഞ നിയമസഭയിലുണ്ടായിരുന്ന 12 അംഗങ്ങളേക്കാൾ ഒന്നുകുറവാണിത്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളിൽ നിന്നുമായി ആകെ 48 വനിതകളാണ് മത്സരിച്ചിരുന്നത്. ഇതിൽ എൽഡിഎഫും എൻഡിഎയുമാണ് ഏറ്റവും കൂടുതൽ വനിതാ സ്ഥാനാർത്ഥികളെ (18 വീതം) രംഗത്തിറക്കിയത്. യുഡിഎഫിന് വേണ്ടി 12 വനിതകളാണ് ഇത്തവണ ജനവിധി തേടിയത്.

​തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ യുഡിഎഫിനാണ് ഏറ്റവും വലിയ നേട്ടമുണ്ടായത്. മത്സരിച്ച 12 പേരിൽ ഒൻപത് വനിതാ സ്ഥാനാർത്ഥികളും യുഡിഎഫിൽ നിന്ന് വിജയിച്ചു. അതേസമയം എൽഡിഎഫിൽ നിന്ന് രണ്ട് വനിതകൾക്ക് മാത്രമാണ് നിയമസഭയിലേക്ക് എത്താൻ സാധിച്ചത്. ഇതോടെ പുതിയ സഭയിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിനാകും ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടാവുക. എൻഡിഎ സ്ഥാനാർത്ഥികൾക്ക് ആർക്കും വിജയിക്കാൻ സാധിച്ചില്ല.