തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുൻപാകെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടി നാളെ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ മറ്റൊരു ദിവസം ഹാജരാകാമെന്ന് കാണിച്ച് വീണ ഇഡിക്ക് ഇമെയിൽ അയക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരായില്ലെങ്കിലും അന്വേഷണത്തിന് ആവശ്യമായ രേഖകൾ കൈമാറാൻ താൻ ഒരുക്കമാണെന്നും, അഭിഭാഷകർ വഴി ഈ രേഖകൾ ഇഡിക്ക് എത്തിക്കുമെന്നും ഇമെയിലിൽ വ്യക്തമാക്കിയിട്ടുണ്ട്. വീണയുടെ അസൗകര്യം കണക്കിലെടുത്ത് മറ്റൊരു ദിവസം അനുവദിക്കാമെന്ന് വ്യക്തമാക്കിയ ഇഡി, പുതിയ തീയതി നിശ്ചയിച്ച് ഇന്ന് തന്നെ സമൻസ് അയക്കുമെന്നും അറിയിച്ചു.
കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ (CMRL) നിന്ന് എന്തിനാണ് പണം കൈപ്പറ്റിയത് എന്ന് വ്യക്തമാക്കുന്ന രേഖകൾ സഹിതം ഹാജരാകാനായിരുന്നു വീണയ്ക്ക് ഇഡി നൽകിയിരുന്ന നിർദ്ദേശം. ഇല്ലാത്ത ചെലവുകൾ കാണിച്ച് സിഎംആർഎല്ലുമായി ബന്ധപ്പെട്ട് 132 കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള കള്ളപ്പണ ഇടപാടുകളെക്കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. 2016 മുതൽ 2021 വരെയുള്ള കാലയളവിൽ സിഎംആർഎല്ലിൽ നിന്ന് വീണയ്ക്ക് 2.78 കോടി രൂപയും, എംപവർ ഇന്ത്യ ക്യാപിറ്റലിൽ നിന്ന് 50 ലക്ഷം രൂപ വായ്പയായും ലഭിച്ചിരുന്നു. ഈ സാമ്പത്തിക ഇടപാടുകളിലാണ് കേന്ദ്ര ഏജൻസിയുടെ പരിശോധന നടക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് മുൻപ് 12 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ, വിവിധ ബാങ്കുകളിലെ 242 അക്കൗണ്ടുകളിലായി 18 കോടിയിലധികം രൂപ ഇഡി മരവിപ്പിച്ചിരുന്നു. ഇതിൽ ധനലക്ഷ്മി ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവിടങ്ങളിൽ വീണയ്ക്കുള്ള മൂന്ന് അക്കൗണ്ടുകളും ഉൾപ്പെടുന്നുണ്ട്. ഈ അക്കൗണ്ടുകൾ വഴിയാണ് വീണയും കരിമണൽ കമ്പനിയും തമ്മിൽ ഇടപാടുകൾ നടത്തിയിരുന്നത്. വീണയുടെ കമ്പനിയായ എക്സാലോജിക്കും കരിമണൽ കമ്പനിയും തമ്മിലുള്ള എല്ലാ ഇടപാടുകളുടെയും രേഖകൾ അന്വേഷണത്തിനായി ഇഡിക്ക് കൈമാറാൻ നേരത്തെ കോടതിയും നിർദ്ദേശിച്ചിരുന്നു. റെയ്ഡിനിടെ വീണ നൽകിയ പ്രാഥമിക മൊഴികളും നിലവിൽ ഇഡിയുടെ കൈവശമുള്ള തെളിവുകളും തമ്മിൽ നിരവധി പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഈ വിശദാംശങ്ങൾ മുൻനിർത്തിയാകും വരും ദിവസങ്ങളിൽ വീണയെ ചോദ്യം ചെയ്യുക.
