തൃശൂർ പൂരം നടത്തിപ്പ്: നിർണ്ണായക തീരുമാനം നാളെ; ദേവസ്വം-ഭരണകൂട യോഗം 10.30-ന്

തൃശൂർ പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനം നാളെയുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം പ്രതിനിധികളും ജില്ലാ ഭരണകൂടവും തമ്മിലുള്ള ചർച്ച നാളെ രാവിലെ 10.30-ന് നടക്കും. ഹൈക്കോടതിയുടെ അനുമതിയോടെയാണ് ഈ യോഗം വിളിച്ചുചേർക്കുന്നതെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. പൂരത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് സർക്കാർ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കില്ലെന്നും, ദേവസ്വങ്ങളുമായി കൃത്യമായ കൂടിയാലോചനകൾ നടത്തിയ ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.​

ദുരന്തത്തിൽ എത്രപേർ അപകടത്തിൽപ്പെട്ടു എന്ന കാര്യത്തിൽ നിലവിൽ ആശയക്കുഴപ്പം തുടരുകയാണ്. ഇന്നത്തെ തിരച്ചിലിൽ സംഭവസ്ഥലത്തുനിന്ന് ഒരു മൃതദേഹാവശിഷ്ടം കൂടി കണ്ടെത്തിയിട്ടുണ്ട്. പൂരം ചടങ്ങുകൾ പൂർത്തിയാകാതെ താൻ തൃശൂരിൽ നിന്ന് മടങ്ങില്ലെന്ന് മന്ത്രി അറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക ക്യാബിനറ്റ് യോഗം ചേരുന്നുണ്ട്. മുഖ്യമന്ത്രി നിലവിൽ ചികിത്സയിലായതിനാലാണ് സംഭവസ്ഥലത്ത് നേരിട്ടെത്താൻ സാധിക്കാത്തതെന്നും മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.