ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ടരയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. വനിതാ സംവരണ ഭേദഗതി പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഈ നിർണ്ണായകമായ അഭിസംബോധന നടക്കുന്നത്. ഇന്ന് കേന്ദ്ര മന്ത്രിസഭാ യോഗത്തിന് പുറമെ സുരക്ഷാ സമിതി യോഗവും ചേർന്നിരുന്നു. ഈ യോഗങ്ങൾക്ക് തൊട്ടുപിന്നാലെയാണ് രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സന്ദേശം സംബന്ധിച്ച അറിയിപ്പ് പുറത്തുവന്നത്.
വനിതാ സംവരണം നടപ്പിലാക്കുന്നത് സംബന്ധിച്ച അതീവ പ്രാധാന്യമുള്ള ചില പ്രഖ്യാപനങ്ങൾ ഈ പ്രസംഗത്തിൽ പ്രധാനമന്ത്രി നടത്തിയേക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതോടൊപ്പം തന്നെ, വനിതാ സംവരണ വിഷയത്തിൽ പ്രതിപക്ഷം സ്വീകരിച്ച നിലപാടുകളെ അദ്ദേഹം രൂക്ഷമായി വിമർശിക്കാനും സാധ്യതയുണ്ട്. രാഷ്ട്രീയമായ വലിയ ചർച്ചകൾക്ക് വഴിതുറക്കുന്ന ഒരു പ്രഖ്യാപനമാണ് രാജ്യം ഇന്ന് രാത്രി പ്രധാനമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
