പി.വി. അൻവർ തൃണമൂൽ കോൺഗ്രസ് വിട്ടു; മെയ് 15-നകം പുതിയ പാർട്ടി രൂപീകരിക്കും, യുഡിഎഫിനൊപ്പം തുടരുമെന്ന് പ്രഖ്യാപനം

കോഴിക്കോട് ബേപ്പൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവർ തൃണമൂൽ കോൺഗ്രസ് വിട്ടു. പാർട്ടിയുടെ സംസ്ഥാന കൺവീനർ സ്ഥാനം രാജിവെച്ചതായും ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചതായും കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു. മെയ് 15-നകം പുതിയ സംസ്ഥാന പാർട്ടി രൂപീകരിക്കുമെന്നും ഇനി തൃണമൂലുമായി യാതൊരു ബന്ധവുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

​കോൺഗ്രസുമായുള്ള സഹകരണം തൃണമൂൽ ദേശീയ നേതൃത്വം അംഗീകരിക്കാത്തതാണ് പാർട്ടി വിടാൻ പ്രധാന കാരണമെന്ന് അൻവർ പറഞ്ഞു. ബേപ്പൂരിലെ മത്സരസമയത്ത് ഉൾപ്പെടെ പാർട്ടിയുടെ പിന്തുണ ലഭിച്ചില്ല. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് കോൺഗ്രസിനെ പിന്തുണയ്ക്കാൻ അവർ തയ്യാറായിരുന്നില്ല. എന്നാൽ കേരളത്തിലെയും നിലവിലെ ദേശീയ രാഷ്ട്രീയത്തിലെയും സാഹചര്യം മുൻനിർത്തി കോൺഗ്രസിനെ പിന്തുണയ്ക്കേണ്ടത് അനിവാര്യമാണെന്ന് താൻ അറിയിച്ചെങ്കിലും നേതൃത്വം അനുകൂല നിലപാട് സ്വീകരിച്ചില്ല.​

യുഡിഎഫിനൊപ്പം ഉറച്ചുനിൽക്കുമെന്നും രാഹുൽ ഗാന്ധിക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും അൻവർ അറിയിച്ചു. കോൺഗ്രസ് നേതാക്കൾക്കൊപ്പം വേദി പങ്കിടാൻ താല്പര്യമില്ലാത്തതിനാലാണ് ടിഎംസി നേതാക്കൾ പ്രചാരണത്തിന് എത്താതിരുന്നത്. യുഡിഎഫുമായി സഹകരിച്ചതിനാലാണ് ബേപ്പൂരിൽ തനിക്ക് ടിഎംസി ചിഹ്നം നൽകാതിരുന്നത്. കൂടാതെ, കോഴിക്കോട് ജെഡിടിയിലെ സ്ട്രോങ്ങ് റൂം തുറന്നത് ദുരൂഹമാണെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും പി.വി. അൻവർ ആരോപിച്ചു.