ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും സൂപ്പർ താരവുമായ സി. ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്ക് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രമുഖരും വിജയിയുടെ കുടുംബാംഗങ്ങളും സിനിമാ താരങ്ങളും പതിനായിരക്കണക്കിന് പ്രവർത്തകരും ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് വിജയിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ രൂപീകരിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിക്കൊപ്പം ഒമ്പത് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നിലവിൽ പുറത്തുവിട്ട പട്ടികയിൽ കോൺഗ്രസ് പ്രതിനിധികളില്ലെങ്കിലും, നിയമസഭയിലെ വിശ്വാസവോട്ടിന് ശേഷം കോൺഗ്രസ് മന്ത്രിമാരെ പ്രഖ്യാപിക്കുമെന്നാണ് വിവരം. പുതിയ മന്ത്രിസഭയിൽ ശിവകാശിയിൽ നിന്നുള്ള എംഎൽഎ സെൽവി എസ്. കീർത്തനയുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമാണ്. 29 വയസ്സ് മാത്രമുള്ള കീർത്തന മന്ത്രിസഭയിലെ ഏക വനിതയും തമിഴ്നാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയുമാണ്. രാഷ്ട്രീയത്തിൽ എത്തുന്നതിന് മുമ്പ് പൊളിറ്റിക്കൽ കൺസൾട്ടന്റായി പ്രവർത്തിച്ചിരുന്ന കീർത്തന ടിവികെയുടെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ എംഎൽഎ കൂടിയാണ്.
