ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും സൂപ്പർ താരവുമായ വിജയ് ഇന്ന് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ 10 മണിക്ക് ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന വിപുലമായ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കും. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ രൂപീകരിക്കുന്നത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കോൺഗ്രസും തമിഴ്നാട് സർക്കാരിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഈ മന്ത്രിസഭയ്ക്കുണ്ട്. മേലൂർ എംഎൽഎ പി. വിശ്വനാഥൻ, രാജേഷ് കുമാർ എന്നിവർ കോൺഗ്രസ് പ്രതിനിധികളായി മന്ത്രിസഭയിൽ ഇടംപിടിക്കുമെന്നാണ് സൂചന.
അഞ്ച് ദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് തമിഴ്നാട്ടിൽ സർക്കാർ രൂപീകരണം യാത്ഥാർത്ഥ്യമാകുന്നത്. 108 സീറ്റുകൾ മാത്രമുണ്ടായിരുന്ന ടിവികെ, 120 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കിയതോടെയാണ് ഗവർണർ രാജേന്ദ്ര അർലേക്കർ സർക്കാരുണ്ടാക്കാൻ വിജയിയെ ക്ഷണിച്ചത്. തുടക്കത്തിൽ അംഗബലം കുറവാണെന്ന് ചൂണ്ടിക്കാട്ടി ഗവർണർ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരുന്നില്ല. പിന്തുണക്കത്തുമായി രാജ്ഭവനിലേക്ക് തിരിച്ച വിജയ് പകുതിവഴിയിൽ നിന്ന് മടങ്ങിയതോടെ അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഗവർണർ അനുമതി നൽകുകയും വിജയ് നേരിട്ടെത്തി സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുകയുമായിരുന്നു.
