തൃശ്ശൂർ കോടാലിയിൽ പാമ്പിന്റെ കടിയേറ്റ് മരിച്ച എട്ടു വയസ്സുകാരൻ ആൽജോയ്ക്ക് നാട് വിങ്ങുന്ന ഹൃദയത്തോടെ വിടനൽകി. വീടിന് സമീപത്തെ കൊടുങ്ങ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ മൃതദേഹം സംസ്കരിച്ചു. ആൽജോയുടെ കളിചിരികൾ നിറഞ്ഞുനിന്നിരുന്ന വീട് ഇപ്പോൾ ശോകമൂകമാണ്. മകന്റെ വിയോഗത്തിൽ തകർന്നുപോയ അച്ഛൻ സിൽജോയെയും അമ്മ ജോൺസിയെയും ആശ്വസിപ്പിക്കാൻ എത്തിയവർക്കും വാക്കുകളില്ലായിരുന്നു.
അതേസമയം, പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന ആൽജോയുടെ മൂത്ത സഹോദരൻ അനോഷിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന വാർത്താ ആശ്വാസകരമാണ്. അങ്കമാലി അപ്പോളോ ആശുപത്രിയിൽ കഴിയുന്ന അനോഷ് കണ്ണുതുറന്നതായും നിർദ്ദേശങ്ങളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. ആറു മണിക്കൂർ നീണ്ട അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ അനോഷ് നിലവിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ തുടരുകയാണ്.
ഇതിനിടെ, ആൽജോയെ കടിച്ച അതേ വർഗത്തിൽപ്പെട്ട ശംഖുവരയൻ പാമ്പിനെ ഇവരുടെ വീട്ടിൽ വീണ്ടും കണ്ടെത്തിയത് പരിഭ്രാന്തി പരത്തിയിട്ടുണ്ട്. ഇന്നലെ പാമ്പിനെ കണ്ട അതേ വലുപ്പത്തിലുള്ള മറ്റൊരു പാമ്പിനെ ഇന്ന് വീടിന്റെ വരാന്തയിലാണ് കണ്ടത്. മുട്ട വിരിഞ്ഞിറങ്ങിയ കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങൾ പരിസരത്ത് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വനം വകുപ്പിന്റെ നിഗമനം. പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ അടിയന്തര പരിശോധന നടത്തുമെന്ന് അധികൃതർ നാട്ടുകാർക്ക് ഉറപ്പുനൽകി.
