തിരുവനന്തപുരം: സംസ്ഥാനത്തെ 2025-26 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കും. പ്ലസ് ടു (എച്ച്എസ്എസ്, വിഎച്ച്എസ്എസ്) ഫലങ്ങൾ മെയ് 22-നും, പ്ലസ് വൺ പരീക്ഷാ ഫലം ജൂൺ 10-നും പുറത്തുവരും. മെയ് നാലിന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ, പുതിയ സർക്കാരിലെ പൊതുവിദ്യാഭ്യാസ മന്ത്രിയായിരിക്കും ഫലപ്രഖ്യാപനം നടത്തുക. ആദ്യം മെയ് ആദ്യവാരം ഫലം നൽകാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഗൾഫ് മേഖലയിലെ ചില പ്രതിസന്ധികൾ കാരണം സമയക്രമത്തിൽ മാറ്റം വരുത്തുകയായിരുന്നു.
ഇത്തവണ സംസ്ഥാനത്തൊട്ടാകെ 4,17,497 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. പരീക്ഷാ ഫലം കൃത്യസമയത്ത് ലഭ്യമാക്കുന്നതിനായി ഏപ്രിൽ 16 മുതൽ തന്നെ 72 ക്യാമ്പുകളിലായി മൂല്യനിർണയ നടപടികൾ ആരംഭിച്ചിരുന്നു. നിലവിൽ മൂല്യനിർണയ പ്രക്രിയ അവസാന ഘട്ടത്തിലാണ്.
അതേസമയം, പരീക്ഷാ മൂല്യനിർണയ ചുമതലയിൽ നിന്ന് വിട്ടുനിന്ന അധ്യാപകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. രണ്ടായിരത്തോളം അധ്യാപകർ മൂല്യനിർണയ ക്യാമ്പുകളിൽ പങ്കെടുത്തിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരം വീഴ്ചകൾ ഗൗരവമായി കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
