പശ്ചിമബംഗാളിൽ നിർണ്ണായകമായ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുന്നു. ഏഴ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 142 മണ്ഡലങ്ങളിലാണ് ഇന്ന് ജനവിധി തേടുന്നത്. രാവിലെ ഏഴു മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറു മണി വരെ തുടരും. ആകെ 1448 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്. മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും നേർക്കുനേർ പോരാടുന്ന ഭവാനിപൂർ ഉൾപ്പെടെയുള്ള വിഐപി മണ്ഡലങ്ങൾ ഇന്നാണ് പോളിംഗ് ബൂത്തിലെത്തുന്നത്.
കൊൽക്കത്ത ഉൾപ്പെടെ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മേഖലകളിൽ കഴിഞ്ഞ തവണ തൃണമൂൽ കോൺഗ്രസിനായിരുന്നു വ്യക്തമായ മുൻതൂക്കം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആകെയുള്ള 142 സീറ്റുകളിൽ 123 ഇടത്തും ടിഎംസി വിജയിച്ചിരുന്നു. ഈ ആധിപത്യം നിലനിർത്താൻ ഭരണകക്ഷിയും അട്ടിമറി വിജയത്തിനായി പ്രതിപക്ഷവും ആഞ്ഞുപിടിക്കുന്നതോടെ പോരാട്ടം കടുപ്പമേറിയതാകുന്നു.
അക്രമസാധ്യതകൾ മുൻകൂട്ടി കണ്ട് സംസ്ഥാനത്ത് കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സിആർപിഎഫ് ഉൾപ്പെടെയുള്ള കേന്ദ്രസേനകളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ റൂട്ട് മാർച്ച് നടത്തി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എൻഐഎ വ്യാപകമായ പരിശോധനകൾ തുടരുകയാണ്.
ആദ്യഘട്ട വോട്ടെടുപ്പിൽ 93.19 ശതമാനം എന്ന റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ, രണ്ടാം ഘട്ടത്തിലും സമാനമായ ജനപങ്കാളിത്തം ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. ആദ്യഘട്ടത്തിൽ 152 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ് നടന്നത്.
