വാണിജ്യ സിലിണ്ടർ വില വർധന: മെയ് ആറിന് സംസ്ഥാനത്ത് ഹോട്ടൽ പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വാണിജ്യ പാചകവാതക വിലയിൽ ഉണ്ടായ അമിതമായ വർധനവിനെതിരെ ഹോട്ടൽ ഉടമകൾ ശക്തമായ സമരത്തിലേക്ക് നീങ്ങുന്നു. ഇതിന്റെ ഭാഗമായി മെയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു. 19 കിലോ തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ വർധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ വാണിജ്യ സിലിണ്ടർ വില 3,000 രൂപയും കടന്ന് കുതിക്കുകയാണ്. കൊച്ചിയിൽ സിലിണ്ടറിന് 3085 രൂപയും തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട് 3117 രൂപയുമാണ് പുതുക്കിയ നിരക്ക്. സാധാരണയായി നൂറോ നൂറ്റമ്പതോ രൂപ വർധിപ്പിക്കുന്ന സ്ഥാനത്ത് ആയിരത്തിനടുത്തുള്ള ഈ കുത്തനെയുള്ള വിലക്കയറ്റം ഹോട്ടൽ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്.​

എൽപിജി നിയന്ത്രണം മൂലം പ്രതിസന്ധിയിലായിരുന്ന ഹോട്ടൽ വ്യവസായം പതുക്കെ കരകയറി വരുന്നതിനിടെയാണ് പുതിയ പ്രഹരം ഏറ്റിരിക്കുന്നത്. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ മുതൽ തട്ടുകടകൾ വരെയുള്ള ചെറുകിട സ്ഥാപനങ്ങളെയും ഇത് സാരമായി ബാധിക്കും. പ്രവർത്തനച്ചെലവ് ക്രമാതീതമായി കൂടുന്നതോടെ ഭക്ഷണപദാർത്ഥങ്ങളുടെ വില വർധിപ്പിക്കാൻ ഹോട്ടൽ ഉടമകൾ നിർബന്ധിതരായേക്കും. ഇത്തരത്തിൽ വില കൂട്ടിയാൽ അത് ദിവസവും ഹോട്ടലുകളെ ആശ്രയിക്കുന്ന സാധാരണക്കാരായ തൊഴിലാളികൾ, വിദ്യാർത്ഥികൾ, ഹോസ്റ്റലിൽ താമസിക്കുന്നവർ തുടങ്ങിയവരുടെ സാമ്പത്തിക ഭദ്രതയെ തകർക്കും. നിലവിൽ ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലെങ്കിലും, സിലിണ്ടർ വിതരണത്തിലെ നിയന്ത്രണങ്ങളും ലഭ്യതക്കുറവും മേഖലയിൽ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.