യുഡിഎഫ് മന്ത്രിസഭ ഇന്ന് പ്രഖ്യാപിക്കും; രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പിലേക്ക്, വി.ഡി. സതീശൻ പട്ടിക കൈമാറും

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളെയും അവരുടെ വകുപ്പുകളെയും കുറിച്ചുള്ള അന്തിമ തീരുമാനം ഇന്നുണ്ടാകും. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വിളിച്ചുചേർക്കുന്ന പത്രസമ്മേളനത്തിലാകും മന്ത്രിമാരുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കുക. മന്ത്രിമാരുടെ വകുപ്പുകൾ ഏതൊക്കെയാണെന്ന കാര്യത്തിലും ഇന്ന് തന്നെ വ്യക്തത വരും. അന്തിമ തീരുമാനമായ മന്ത്രിമാരുടെ പട്ടിക ഇന്ന് തന്നെ ഗവർണർക്ക് കൈമാറുമെന്നാണ് വിവരം. പുതിയ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുമെന്ന് ഉറപ്പായിട്ടുണ്ട്.​

മറ്റു പ്രമുഖ നേതാക്കളുടെ വകുപ്പുകളെക്കുറിച്ചും ഏകദേശ ധാരണയായിട്ടുണ്ട്. സണ്ണി ജോസഫിന് റവന്യൂ വകുപ്പും, കെ. മുരളീധരന് ആരോഗ്യവകുപ്പും, എ.പി. അനിൽകുമാറിന് ടൂറിസം-എക്സൈസ് വകുപ്പുകളും ലഭിക്കാനാണ് സാധ്യത. ഇത്തവണ ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് തന്നെ ഏറ്റെടുത്തേക്കുമെന്നാണ് സൂചന. അങ്ങനെവന്നാൽ പി.സി. വിഷ്ണുനാഥ് ഉന്നത വിദ്യാഭ്യാസ മന്ത്രിയായേക്കും. സി.പി. ജോണിന് സഹകരണ വകുപ്പും, വനിതാ പ്രതിനിധിയായ ബിന്ദു കൃഷ്ണയ്ക്ക് സാമൂഹ്യനീതി വകുപ്പും ലഭിച്ചേക്കും. മുഖ്യമന്ത്രിക്ക് ധനവകുപ്പിന് പുറമേ തുറമുഖ വകുപ്പിന്റെ ചുമതല കൂടി ഉണ്ടായിരിക്കും.​

ഘടകകക്ഷികളിൽ കേരള കോൺഗ്രസ് പ്രതിനിധിയായ മോൻസ് ജോസഫിന് ജലവിഭവ വകുപ്പ് ലഭിക്കാനാണ് സാധ്യത. മുസ്ലിംലീഗിന് 2011-ൽ ലഭിച്ച അതേ വകുപ്പുകൾ തന്നെ ഇത്തവണയും ലഭിച്ചേക്കും. മന്ത്രിമാർക്ക് പുറമെ സ്പീക്കർ സ്ഥാനത്തേക്ക് എൻ. ശക്തൻ, റോജി എം. ജോൺ, വി.ടി. ബൽറാം എന്നിവരുൾപ്പെടെ മൂന്ന് പേരാണ് പരിഗണനയിലുള്ളത്.