​വി. ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമന്ദിര തർക്കങ്ങൾക്ക് പരിഹാരം; ഔദ്യോഗിക വസതികൾ അനുവദിച്ച് ഉത്തരവായി

തിരുവനന്തപുരം: വി. ഡി. സതീശൻ മന്ത്രിസഭയിൽ വകുപ്പുവിഭജനത്തിൽ മാത്രമല്ല, മന്ത്രിമന്ദിരങ്ങളുടെ കാര്യത്തിലും നിലനിന്നിരുന്ന തർക്കങ്ങൾക്ക് ഒടുവിൽ പരിഹാരമായി. മന്ത്രിമാർക്കുള്ള ഔദ്യോഗിക വസതികൾ അനുവദിച്ച് ഉത്തരവിറങ്ങി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള ‘പമ്പ’ ബംഗ്ലാവാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ സർക്കാരിൽ പൊതുമരാമത്ത്-ടൂറിസം മന്ത്രിയായിരുന്ന മുഹമ്മദ് റിയാസ് താമസിച്ചിരുന്ന ‘പമ്പ’ തനിക്ക് വേണമെന്ന് രമേശ് ചെന്നിത്തല നേരത്തെ ആവശ്യപ്പെട്ടിരുന്നു. ക്ലിഫ് ഹൗസിന് സമീപമുള്ള മറ്റൊരു മന്ദിരമായ ‘അശോക’ സണ്ണി ജോസഫിനും അനുവദിച്ചു.

​മറ്റ് കോൺഗ്രസ് മന്ത്രിമാരിൽ കെ. മുരളീധരന് ‘സാനഡു’, എ. പി. അനിൽകുമാറിന് ‘കാവേരി’, പി. സി. വിഷ്ണുനാഥിന് ‘നിള’, എം. ലിജുവിന് ‘അജന്ത’, റോജി എം. ജോണിന് ‘ഗ്രേസ്’, ടി. സിദ്ധിഖിന് ‘ഗംഗ’, കെ. എ. തുളസിക്ക് ‘പ്രശാന്ത്’, ബിന്ദു കൃഷ്ണയ്ക്ക് ‘തൈക്കാട് ഹൗസ്’, ഒ. ജെ. ജനീഷിന് ‘മൻമോഹൻ ബംഗ്ലാവ്’ എന്നിവയാണ് അനുവദിച്ച മറ്റ് വസതികൾ.

​മുസ്ലിം ലീഗ് മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടിക്ക് ‘ലൈന്ത്രസ്റ്റ്’, എൻ. ഷംസുദീന് ‘നെസ്റ്റ്’, കെ. എം. ഷാജിക്ക് ‘പൗർണ്ണമി’, പി. കെ. ബഷീറിന് ‘ഉഷസ്’, വി. ഇ. അബ്ദുൽ ഗഫൂറിന് ‘കവടിയാർ ഹൗസ്’ എന്നീ വസതികൾ നൽകി. ഘടകകക്ഷി നേതാക്കളായ മോൻസ് ജോസഫിന് ‘പെരിയാർ’, ഷിബു ബേബി ജോണിന് ‘എസ്സെൻഡേൻ’, സി. പി. ജോണിന് ‘റോസ് ഹൗസ്’ എന്നിങ്ങനെയാണ് വസതികൾ നിശ്ചയിച്ചിരിക്കുന്നത്.

​ഔദ്യോഗിക വസതികൾക്കായുള്ള ചർച്ചകളിൽ കടുത്ത മത്സരമാണ് മന്ത്രിമാർക്കിടയിൽ നടന്നത്. ഒരേ വസതിക്കായി മൂന്ന് മന്ത്രിമാർ വരെ അവകാശവാദവുമായി രംഗത്തെത്തിയിരുന്നു. പ്രത്യേകിച്ച് നിള, സാനഡു, ഗ്രേസ് എന്നീ മന്ത്രിമന്ദിരങ്ങൾ സ്വന്തമാക്കാൻ നിരവധി പേരാണ് താല്പര്യം പ്രകടിപ്പിച്ചത്. ഒടുവിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് തർക്കങ്ങൾ പരിഹരിച്ച് വസതികളുടെ അന്തിമ പട്ടിക തയ്യാറാക്കി ഉത്തരവിറക്കിയത്.