മുഖ്യമന്ത്രി വി.ഡി. സതീശൻ ഗുരുവായൂരിലും തൃപ്രയാറിലും ക്ഷേത്ര ദർശനം നടത്തി; വെണ്ണ കൊണ്ട് തുലാഭാര വഴിപാട്

ശ്രീഗുരുവായൂരപ്പ ദർശനത്തിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഗുരുവായൂരിലെത്തി. ഇന്ന് രാവിലെ ഏഴു മണിയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം കണ്ണനെ തൊഴുത് പ്രാർത്ഥിച്ച ശേഷം വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തി. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അദ്ദേഹം ഗുരുവായൂരിൽ ദർശനത്തിനെത്തുന്നത്. വഴിപാടിനായി 71 കിലോഗ്രാം വെണ്ണയാണ് വേണ്ടി വന്നത്. മാസത്തിലൊരിക്കൽ ഗുരുവായൂർ ക്ഷേത്ര ദർശനം ശീലമാക്കിയ ഭക്തനാണ് വി.ഡി. സതീശൻ. ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രിയെ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് സ്വീകരിച്ചു. തുടർന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാറിന്റെ മകന്റെ വിവാഹ ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുത്തു.​

ഗുരുവായൂർ ദർശനത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി. രാവിലെ എട്ടരയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ദേവസ്വം കമ്മീഷണർ എം. മനോജ്കുമാർ, ക്ഷേത്രം മാനേജർ വി.എൻ. ഹരിഹര ഭട്ട് എന്നിവരുടെ നേതൃത്വത്തിൽ പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു. ക്ഷേത്രത്തിൽ മീനൂട്ട്, കദളികുല, 101 വെടിവഴിപാട്, വെള്ളിക്കുടത്തിൽ നെയ്യ് സമർപ്പണം തുടങ്ങിയ പ്രമുഖ വഴിപാടുകൾ നടത്തിയാണ് അദ്ദേഹം മടങ്ങിയത്. മുഖ്യമന്ത്രിക്ക് വേണ്ടി ചെന്ത്രാപ്പിന്നി കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഷജിൽ ക്ഷേത്രത്തിൽ ശയനപ്രദക്ഷിണവും നടത്തി.