കൊച്ചി: മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ (CMRL) നൽകിയ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വരും വെള്ളിയാഴ്ച വിധി പറയും. അതുവരെ കമ്പനിക്കെതിരെ തുടർനടപടികൾ പാടില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കോടതി നിർദേശം നൽകി. എന്നാൽ, ഈ ഇടക്കാല ആശ്വാസം ഹർജി നൽകിയ സിഎംആർഎല്ലിന് മാത്രമാണ് ബാധകം. അപ്പീലിൽ കക്ഷിയല്ലാത്ത മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. ഹർജിയിൽ ഇരുവിഭാഗത്തിന്റെയും വിശദമായ വാദം കേട്ട ശേഷമാണ് കേസ് വിധി പറയാനായി മാറ്റിയത്.
സിഎംആർഎല്ലിനെതിരെ നിലവിൽ എഫ്‌ഐആർ ഇല്ലാത്ത ഘട്ടത്തിലാണ് ഇഡി സമൻസ് അയച്ചതെന്നും, ഇഡി തങ്ങളുടെ അധികാരപരിധിക്ക് അപ്പുറമായാണ് അന്വേഷണം നടത്തുന്നതെന്നും സിഎംആർഎൽ കോടതിയിൽ വാദിച്ചു. ഒരു രാഷ്ട്രീയ നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്എഫ്ഐഒ (SFIO) അന്വേഷണം തുടങ്ങിയതെന്നും കമ്പനി ചൂണ്ടിക്കാട്ടി. എന്നാൽ, അന്വേഷണം പൂർത്തിയാക്കാൻ അനുവദിക്കുകയല്ലേ വേണ്ടതെന്ന് കോടതി ഈ ഘട്ടത്തിൽ ചോദിച്ചു. സിഎംആർഎല്ലിന് തങ്ങളുടെ നിരപരാധിത്വം വ്യക്തമാക്കാൻ ആവശ്യമായ രേഖകൾ നൽകിക്കൂടെയെന്നും, കുറ്റകൃത്യം നടന്നിട്ടില്ലെങ്കിൽ ക്ലീൻ ചിറ്റ് ലഭിക്കുമല്ലോയെന്നും കോടതി ഓർമ്മിപ്പിച്ചു. ഒരു ലിസ്റ്റഡ് കമ്പനിയായ സിഎംആർഎല്ലിനോട്, എക്സാലോജിക്കുമായി നടത്തിയ ഇടപാടുകളുടെ രേഖകൾ മാത്രമല്ലേ ഇഡി ചോദിച്ചതെന്നും കോടതി ചോദിച്ചു.
അതേസമയം, കേസിൽ വ്യക്തമായ ഷെഡ്യൂൾഡ് കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും അതിനാൽ അന്വേഷണം നടത്താൻ തങ്ങൾക്ക് പൂർണ്ണ അവകാശമുണ്ടെന്നും ഇഡി വാദിച്ചു. എന്തിനാണ് എക്സാലോജിക് കമ്പനിക്ക് പണം കൈമാറിയത് എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. ഐടി സേവനങ്ങൾക്കായാണ് പണം നൽകിയതെന്ന് സിഎംആർഎൽ പറയുന്നുണ്ടെങ്കിലും അങ്ങനെയൊരു സേവനം നടന്നിട്ടില്ലെന്ന് എസ്എഫ്ഐഒ റിപ്പോർട്ടിലുണ്ട്. ദുരൂഹമായ ഇടപാടുകൾക്ക് വേണ്ടിയുള്ള വഴിവിട്ട നീക്കങ്ങളാണ് ഇവിടെ നടന്നതെന്നാണ് എസ്എഫ്ഐഒ കണ്ടെത്തലെന്നും ഇഡി കോടതിയെ അറിയിച്ചു.
