ദില്ലി: സമയബന്ധിതമായി ജനന-മരണ രജിസ്ട്രേഷനുകൾ നടത്താത്തവർക്കെതിരെ കടുത്ത നടപടികൾ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമഭേദഗതി ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ജനനവും മരണവും കൃത്യസമയത്ത് രജിസ്റ്റർ ചെയ്യേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, ഈ കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. പാര്ലമെന്റിന്റെ വർഷകാല സമ്മേളനം പാസാക്കുകയും രാഷ്ട്രപതി ഒപ്പുവെക്കുകയും ചെയ്ത ഈ നിയമപ്രകാരം, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ പൂർണ്ണമായും ഡിജിറ്റലാക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്കൂൾ പ്രവേശനം, വോട്ടർ പട്ടികയിൽ പേര് ചേർക്കൽ തുടങ്ങി എല്ലാവിധ ഔദ്യോഗിക ആവശ്യങ്ങൾക്കും പ്രായവും ജനനസ്ഥലവും തെളിയിക്കാനുള്ള പ്രധാന രേഖയായി ജനന സർട്ടിഫിക്കറ്റ് മാറും.
പുതിയ നിയമമനുസരിച്ച് 21 ദിവസത്തിനുള്ളിൽ സൗജന്യമായി ജനന-മരണ രജിസ്ട്രേഷൻ നടത്താം. എന്നാൽ 21 മുതൽ 30 ദിവസം വരെ വൈകിയാൽ നിശ്ചിത വൈകിയുള്ള ഫീസ് നൽകി രജിസ്ട്രാർക്ക് മുന്നിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. അതിനുശേഷമുള്ള വൈകലുകൾക്കാണ് നടപടികൾ കടുപ്പിക്കുന്നത്. ഒരു മാസം മുതൽ ഒരു വർഷം വരെ വൈകിയാൽ ജില്ലാ രജിസ്ട്രാറുടെയോ സർക്കാർ നിർദ്ദേശിക്കുന്ന ഉദ്യോഗസ്ഥന്റെയോ അനുമതിയും പിഴയും ആവശ്യമാണ്. ഒരു വർഷം മുതൽ രണ്ട് വർഷം വരെ വൈകുകയാണെങ്കിൽ ജില്ലാ മജിസ്ട്രേറ്റിന്റെയോ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെയോ അനുമതിയോടെ മാത്രമേ രജിസ്ട്രേഷൻ സാധ്യമാകൂ. ഇനി രണ്ട് വർഷത്തിന് ശേഷമാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ അനുമതിപത്രവും പിഴയും നിർബന്ധമാക്കിയിട്ടുണ്ട്.
