കണ്ണൂർ: കാസർകോട്ടേക്കുള്ള യാത്രയ്ക്കിടെ മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐയുടെ ശക്തമായ അക്രമവും പ്രതിഷേധവും ഉണ്ടായി. കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് വച്ചുണ്ടായ ആദ്യ അക്രമത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. തുടർന്ന് പയ്യന്നൂരിൽ വച്ചും അക്രമികൾ കല്ലുകൊണ്ടും കൈകൊണ്ടും മന്ത്രിയുടെ വാഹനത്തിന്മേൽ ആഞ്ഞടിച്ചു. പയ്യന്നൂർ കഴിഞ്ഞതിന് പിന്നാലെ മൂന്നാമതും അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ പ്രതിഷേധമുണ്ടായി. കാസർഗോഡ് നീലേശ്വരത്തെ തളി ക്ഷേത്രത്തിന് സമീപത്ത് വച്ച് മന്ത്രിയെ ഡിവൈഎഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും, പാലസ് ഗ്രൗണ്ടിൽ വച്ച് പ്രതിഷേധിക്കുകയും ചെയ്തതിനെ തുടർന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി.
സംഭവത്തെത്തുടർന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മന്ത്രി ജനീഷുമായി ഫോണിൽ സംസാരിച്ച് വിവരങ്ങൾ ആരായുകയും, കണ്ണൂരിലുണ്ടായ അക്രമങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകുകയും ചെയ്തു. പത്തനംതിട്ടയിലേക്കുള്ള യാത്രാമധ്യേ വിവരമറിഞ്ഞ മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി ഒ.ജെ. ജനീഷിനെ ഫോണിൽ വിളിച്ച് സംസാരിച്ചു.
