അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമ കേസ്: ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മുൻകൂർ ജാമ്യം

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിൽ അതിക്രമം കാട്ടിയെന്ന കേസിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെ എട്ട് പേർക്ക് പത്തനംതിട്ട ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജൂലൈ 11-ന് യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോഴുണ്ടായ നാടകീയ രംഗങ്ങളെത്തുടർന്നാണ് സംഭവം. അന്ന് പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് കണ്ടാലറിയാവുന്നവർക്കെതിരെ കേസെടുത്തിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല. എന്നാൽ, സിപിഎം ഇടപെട്ട് വിവരാവകാശ നിയമത്തിലൂടെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത് പൊലീസിന് നാണക്കേടായതോടെയാണ് ശ്രീനാദേവി കുഞ്ഞമ്മയടക്കമുള്ളവരെ പ്രതിചേർത്തത്.​

അതേസമയം, പൊലീസ് സ്റ്റേഷനകത്തോ പുറത്തോ യാതൊരുവിധ അതിക്രമവും നടത്തിയിട്ടില്ലെന്നാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ വിശദീകരണം. പരാതിക്കാരി എന്ന നിലയിൽ പ്രതിയെ തിരിച്ചറിയുന്നതിനായി പൊലീസ് ആവശ്യപ്പെട്ടതനുസരിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മാത്രമാണ് താൻ സ്റ്റേഷനിലെത്തിയതെന്ന് അവർ വ്യക്തമാക്കി. സെല്ലിനകത്ത് കയറുകയോ പ്രതിയെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും, സെല്ലിന് പുറത്തുനിന്ന് ‘സുഖമാണോ ചേട്ടാ’ എന്ന് ചോദിക്കുക മാത്രമാണ് ഉണ്ടായതെന്നും ശ്രീനാദേവി കുഞ്ഞമ്മ കൂട്ടിച്ചേർത്തു.