കോഴിക്കോട്: തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് കെ.കെ. രമ ആവശ്യപ്പെട്ടു. ധർമ്മടം പോലുള്ള മണ്ഡലത്തിൽ പോലും ആറ് റൗണ്ടുകളോളം പിന്നിൽ പോയ പിണറായി വിജയൻ വിയർക്കുന്ന കാഴ്ചയാണ് കേരളം കണ്ടതെന്ന് രമ പരിഹസിച്ചു. ‘കുലംകുത്തി’ എന്ന് വിളിച്ച് ആക്ഷേപിച്ച് മുന്നോട്ട് പോയ ‘ഇരട്ടച്ചങ്കൻ’ പരാജയഭീതിയിൽ പതറുകയായിരുന്നുവെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
പരമ്പരാഗതമായ രക്തസാക്ഷി ഗ്രാമങ്ങൾ പോലും ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്തത് ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണെന്ന് രമ ചൂണ്ടിക്കാട്ടി. അരിവാൾ ചിഹ്നത്തിന് മാത്രം വോട്ട് ചെയ്തിരുന്നവർ കൈപ്പത്തിക്കും കോണിക്കും വോട്ട് ചെയ്യുന്ന സാഹചര്യം ഉണ്ടായത് പാർട്ടിയോടുള്ള ശക്തമായ എതിർപ്പ് കാരണമാണ്. കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താനാണ് എൽഡിഎഫ് ശ്രമിച്ചതെന്നും എന്നാൽ യുഡിഎഫ് അത്തരത്തിലല്ല പ്രവർത്തിക്കുകയെന്നും വിമർശനങ്ങൾ കേൾക്കാൻ യുഡിഎഫ് തയ്യാറാകുമെന്നും അവർ കൂട്ടിച്ചേർത്തു.
മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങളിൽ പാർട്ടിയുമായി ആലോചിച്ച് മാത്രമേ തീരുമാനമെടുക്കൂ എന്ന് കെ.കെ. രമ വ്യക്തമാക്കി. നിലവിൽ ഇത്തരം ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും യുഡിഎഫുമായി അധികാര പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും അവർ അറിയിച്ചു. പിണറായി വിജയൻ ഇനി പ്രതിപക്ഷ നേതാവായി ഇരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നും അവർ പരിഹസിച്ചു.
