ദില്ലി: ബിഹാറിൽ ദീർഘകാലം നിലനിന്നിരുന്ന നിതീഷ് കുമാർ യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ട് സമ്രാട്ട് ചൗധരി പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റു. പട്നയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. സമ്രാട്ട് ചൗധരിക്കൊപ്പം വിജയ് ചൗധരി, ബിജേന്ദ്ര യാദവ് എന്നിവർ ഉപമുഖ്യമന്ത്രിമാരായും ചുമതലയേറ്റു. അതേസമയം, നിലവിൽ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളിലായതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ സംബന്ധിച്ചില്ല. പുതിയ മന്ത്രിസഭയിൽ നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാർ ഉൾപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
രണ്ട് പതിറ്റാണ്ട് നീണ്ട ഭരണത്തിന് ശേഷമാണ് നിതീഷ് കുമാർ പടിയിറങ്ങിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ലോക്ഭവനിലെത്തി ഗവർണറെ കണ്ട് അദ്ദേഹം രാജി സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ നിതീഷ് കുമാർ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 20 വർഷം ബിഹാറിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ടെന്നും സംസ്ഥാനത്തിന് വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ സാധിച്ചതായും അദ്ദേഹം പ്രതികരിച്ചു.
ബിഹാർ വിട്ടുപോകില്ലെന്നും വരുംകാലങ്ങളിൽ സംസ്ഥാനത്തിന്റെ മാർഗദർശിയായി തുടരുമെന്നും നിതീഷ് വ്യക്തമാക്കി. പുതിയ സർക്കാരിന് തന്റെ എല്ലാവിധ സഹകരണവും മേൽനോട്ടവും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ബിഹാറിന്റെ വികസനത്തിനായി പ്രധാനമന്ത്രി നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ മുഖ്യമന്ത്രി പദത്തോടുള്ള ഔദ്യോഗിക യാത്ര അവസാനിപ്പിച്ചത്.
