തിരുവനന്തപുരം: നെടുമങ്ങാട് ചുള്ളിമാനൂരിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് വൻ കവർച്ച. ചുള്ളിമാനൂർ സ്വദേശിയായ അനസിന്റെ വീട്ടിൽ നിന്നാണ് 25 പവൻ സ്വർണം മോഷ്ടാക്കൾ അപഹരിച്ചത്. അനസും കുടുംബവും ഊട്ടിയിലേക്ക് വിനോദയാത്ര പോയിരുന്ന സമയത്താണ് മോഷണം നടന്നത്. ഇന്ന് രാവിലെ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച നിലയിൽ വീട്ടുകാർ കണ്ടത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടത്. മോഷ്ടാക്കൾ വീട്ടിലുണ്ടായിരുന്ന സിസിടിവി ക്യാമറകളും തകർത്ത ശേഷമാണ് കവർച്ച നടത്തിയത്. സംഭവത്തെക്കുറിച്ച് വീട്ടുകാർ നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
