കേരള ബുക്സ് ആന്റ് പബ്ലിക്കേഷന്സ് സൊസൈറ്റി (കെബിപിഎസ്) വഴി നടക്കുന്ന സ്കൂൾ പാഠപുസ്തകങ്ങളുടെ അച്ചടി പേപ്പർ ലഭ്യതയില്ലാത്തതിനെ തുടർന്ന് നിലച്ചു. ഒമ്പതാം ക്ലാസ് വരെയുള്ള പുസ്തകങ്ങളിൽ 70 ശതമാനവും അച്ചടി പൂർത്തിയായെങ്കിലും, പുറംചട്ട തയ്യാറാക്കാനുള്ള കട്ടിയുള്ള പേപ്പർ കിട്ടാത്തതിനാൽ ബൈന്റിംഗ് ജോലികൾ തടസ്സപ്പെട്ടിരിക്കുകയാണ്. ബാക്കി 30 ശതമാനം പുസ്തകങ്ങൾക്കാവശ്യമായ പേപ്പർ ഇതുവരെ ലഭ്യമായിട്ടില്ല. ഇതോടെ കെബിപിഎസിലെ ബൈന്റിംഗ് സെക്ഷനിലെ ജീവനക്കാർ ദിവസങ്ങളായി ജോലിയില്ലാതെ ഇരിക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
മുമ്പ് കെബിപിഎസ് നേരിട്ട് ടെൻഡർ വിളിച്ച് പേപ്പർ വാങ്ങിയിരുന്ന രീതി മാറ്റി, ഇപ്പോൾ അച്ചടി വകുപ്പാണ് പേപ്പർ സംഭരണം നടത്തുന്നത്. ലോട്ടറി അച്ചടി ഇനത്തിലടക്കം 300 കോടിയോളം രൂപയുടെ കുടിശിക സർക്കാർ വരുത്തിയതിനെ തുടർന്നായിരുന്നു ഈ മാറ്റം. അച്ചടി തുടങ്ങുന്നതിന് മുൻപ് തന്നെ ആവശ്യമായ പേപ്പറിന്റെ അളവ് അറിയിച്ചിട്ടും സർക്കാർ അത് ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തി. ഇതുമൂലം തിരഞ്ഞെടുപ്പിന് മുൻപ് വെറും 20 ശതമാനം പുസ്തകങ്ങൾ മാത്രമാണ് വിതരണം ചെയ്യാൻ സാധിച്ചത്. പത്താം ക്ലാസിലെ പുസ്തകങ്ങൾ മാത്രമാണ് നിലവിൽ പൂർണ്ണമായും എത്തിച്ചിട്ടുള്ളത്.
സ്കൂൾ തുറക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ, അച്ചടി ഇനിയും വൈകുന്നത് രക്ഷിതാക്കളെയും അധ്യാപകരെയും ആശങ്കയിലാക്കുന്നുണ്ട്. ഇനിയൊരു ഘട്ടത്തിൽ പേപ്പർ എത്തിയാൽ പോലും ജൂൺ ഒന്നിന് മുൻപായി അച്ചടിയും ബൈന്റിംഗും പൂർത്തിയാക്കി സ്കൂളുകളിൽ പുസ്തകങ്ങൾ വിതരണം ചെയ്യുക എന്നത് അസാധ്യമാണെന്ന് കെബിപിഎസ് ജീവനക്കാർ വ്യക്തമാക്കുന്നു. ഇതോടെ ജൂൺ ഒന്നിന് ഒട്ടുമിക്ക ക്ലാസുകളിലെയും വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളില്ലാതെ സ്കൂളിലെത്തേണ്ടി വരുമെന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.
