തിരുവനന്തപുരം: നെട്ടയം സംഘർഷവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ചിലെ വിവാദ സംഭവങ്ങളിൽ, തിരുവനന്തപുരം ഡെപ്യൂട്ടി മേയർക്കും ബിജെപി കൗൺസിലർമാർക്കും പോലീസ് നോട്ടീസ് അയച്ചു. ഡെപ്യൂട്ടി മേയർ പി.കെ. ആശാ നാഥ്, കൗൺസിലർമാരായ സുമി ബാലു, യമുന എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നാളെ മൊഴി നൽകാനായി വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. കേസിലെ ഒന്നാം പ്രതി സുമി ബാലുവും, ആറാം പ്രതി ആശാ നാഥുമാണ്.
മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖ കേസിലെ അഞ്ചാം പ്രതിയാണെങ്കിലും, അവർ സ്ഥലത്തില്ലാത്തതിനാൽ നോട്ടീസ് കൈമാറാൻ പോലീസിന് കഴിഞ്ഞില്ല. ശ്രീലേഖയുടെ വീട്ടിൽ പോലീസ് എത്തിയെങ്കിലും അവർ ടൂറിലാണെന്ന വിവരമാണ് ലഭിച്ചത്. മാർച്ചിൽ പോലീസിനെതിരെ അധിക്ഷേപകരമായ രീതിയിൽ പെരുമാറിയതിനാണ് ശ്രീലേഖ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചത്. പോലീസിനെതിരെ ശ്രീലേഖ നടത്തിയ “പോടാ പുല്ലേ” എന്ന വിളി വലിയ വിവാദമായിരുന്നു.
പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബിജെപി ജനപ്രതിനിധികൾക്കെതിരെ നിലവിൽ കേസെടുത്തിരിക്കുന്നത്. വട്ടിയൂർക്കാവ് സംഘർഷത്തിന്റെ തുടർച്ചയായി നടന്ന പ്രതിഷേധ മാർച്ചിൽ ഡെപ്യൂട്ടി മേയറെയും ആർ. ശ്രീലേഖയെയും കഴിഞ്ഞ ദിവസമാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ നടപടികളിലേക്ക് നീങ്ങാനാണ് പോലീസ് തീരുമാനം.
