കന്നി വോട്ടർമാർക്ക് മധുരമേകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ; വോട്ട് ചെയ്താൽ ഹൽവ സമ്മാനം

നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നി വോട്ടർമാരെ പോളിംഗ് ബൂത്തുകളിലേക്ക് ആകർഷിക്കുന്നതിനായി വേറിട്ട പദ്ധതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്തെ ഓരോ ജില്ലയിലും തിരഞ്ഞെടുക്കപ്പെട്ട 200 കന്നി വോട്ടർമാർക്ക് ഹൽവ വിതരണം ചെയ്യാനാണ് കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്. ജനാധിപത്യ പ്രക്രിയയിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി തിരഞ്ഞെടുത്ത പോളിംഗ് ബൂത്തുകൾ കേന്ദ്രീകരിച്ചായിരിക്കും നടക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് വ്യക്തമാക്കുന്നു. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിൽ കന്നി വോട്ടർമാർ കൃത്യമായി പങ്കെടുക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ ഈ മാസം 15-നാണ് പ്രഖ്യാപിച്ചത്. ഏപ്രിൽ 9-ന് വോട്ടെടുപ്പും മെയ് 4-ന് വോട്ടെണ്ണലും നടക്കുമെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു.