കാലടി സംസ്കൃത സർവകലാശാല വിസി കെ.കെ. ഗീതാകുമാരിയെ ഗവർണർ സ്ഥാനത്തുനിന്ന് നീക്കി. പരീക്ഷയിൽ പരാജയപ്പെട്ട ബി.എഫ്.എ വിദ്യാർത്ഥിയെ വിജയിപ്പിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം തടഞ്ഞുകൊണ്ടുള്ള ഗവർണറുടെ ഉത്തരവ് നടപ്പാക്കാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് നടപടി. സാങ്കേതിക സർവകലാശാല വിസി ഡോ. സിസ തോമസിന് പകരം ചുമതല നൽകിയിട്ടുണ്ട്.
തോറ്റ വിദ്യാർത്ഥിയെ വിജയിപ്പിച്ചതുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാനും വിശദീകരണം നൽകാനും വിസിയോടും പരീക്ഷാ കൺട്രോളറോടും രാജ്ഭവൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങൾ പാലിക്കാൻ വിസി തയ്യാറായില്ല. കാലിക്കറ്റ് യൂണിവേഴ്സിറ്റി സംസ്കൃത വിഭാഗം അധ്യക്ഷയായിരുന്ന പ്രൊഫ. കെ.കെ. ഗീതാകുമാരിക്ക് മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സംസ്കൃത സർവകലാശാലയുടെ താൽക്കാലിക വിസി ചുമതല നൽകിയിരുന്നത്.
