കേരളത്തിൽ കടുത്ത ചൂട് തുടരുന്നതിനിടെ സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. പീക്ക് ലോഡ് മാനേജ്മെന്റിന്റെ ഭാഗമായി 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന നിയന്ത്രണമായിരിക്കും നടപ്പിലാക്കുക. വൈദ്യുതി ഉപയോഗം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും കെഎസ്ഇബി അറിയിച്ചു.
ഉപയോഗം ഏറ്റവും കൂടുതലുള്ള വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെയുള്ള സമയത്താണ് പ്രധാനമായും നിയന്ത്രണം ഉണ്ടാകുക. അതത് പ്രദേശങ്ങളിലെ വൈദ്യുതി ലോഡ് കണക്കിലെടുത്ത് പ്രാദേശികമായാകും ക്രമീകരണം ഏർപ്പെടുത്തുന്നത്. മുൻകൂട്ടി പ്രഖ്യാപിക്കാതെ വൈദ്യുതി മുടങ്ങുന്നത് വ്യാപക പ്രതിഷേധങ്ങൾക്ക് കാരണമായ സാഹചര്യത്തിലാണ് ഔദ്യോഗികമായ ഈ തീരുമാനം. സാധ്യമാകുന്ന ഇടങ്ങളിൽ എസ്എംഎസ് വഴി ഉപഭോക്താക്കളെ വിവരം അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
