പിഎസ്‌സിക്ക് കനത്ത തിരിച്ചടി: ആസൂത്രണ ബോർഡ് പരീക്ഷാ രേഖകൾ പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷന് (പി.എസ്.സി) കനത്ത തിരിച്ചടി നൽകിക്കൊണ്ട്, സംസ്ഥാന ആസൂത്രണ ബോർഡിലെ വിവാദ നിയമനവുമായി ബന്ധപ്പെട്ട പരീക്ഷാ രേഖകൾ പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഉത്തരവ് പ്രകാരം, ഏഴ് ദിവസത്തിനകം അപേക്ഷകർക്ക് പരീക്ഷ എഴുതിയ എല്ലാവരുടെയും മാർക്ക് പട്ടികയും ഉത്തരക്കടലാസിന്റെ പകർപ്പും അഭിമുഖത്തിന് നൽകിയ മാർക്കിന്റെ വിവരങ്ങളും ഉൾപ്പെടെയുള്ള എല്ലാ രേഖകളും കൈമാറേണ്ടതുണ്ട്. പി.എസ്.സിയുടെ കടുത്ത എതിർപ്പുകളെ മറികടന്നാണ് വിവരാവകാശ കമ്മീഷന്റെ ഈ നിർണായക നടപടി.​

ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും നൽകാൻ പി.എസ്.സി വിസമ്മതിച്ച രേഖകളാണ് കമ്മീഷൻ ഇടപെടലിലൂടെ ഇനി പരസ്യമാവുക. പ്രസ്തുത പരീക്ഷയിൽ 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ പരിശോധിച്ചിരുന്നില്ലെന്ന ഗുരുതരമായ വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. രേഖകൾ പൂർണ്ണമായി പുറത്തുവരുന്നതോടെ പരീക്ഷയിൽ കൂടുതൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരും.