എസ്.സി/എസ്.ടി പീഡനക്കേസുകൾ വ്യാപകമായി അട്ടിമറിക്കപ്പെടുന്നു; പിണറായി സർക്കാരിനെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം (അട്രോസിറ്റി) രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ 80 ശതമാനവും അട്ടിമറിക്കപ്പെടുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എസ്.സി/എസ്.ടി കമ്മീഷനും, കോടതികളിലെ സർക്കാർ അഭിഭാഷകരും, പോലീസും ചേർന്നാണ് കേസുകൾ അട്ടിമറിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാരതീയ ദളിത് കോൺഗ്രസ് സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.​

കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്ത് പട്ടികവിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ മുൻകാലങ്ങളെ അപേക്ഷിച്ച് വലിയ തോതിൽ വർദ്ധിച്ചതായി ചെന്നിത്തല ചൂണ്ടിക്കാട്ടി. സർക്കാർ ഈ വിഭാഗങ്ങളെ അവഗണിക്കുന്നത് ഛിദ്രശക്തികൾക്ക് അവരെ ദ്രോഹിക്കാൻ പ്രചോദനമാകുന്നു. യു.ഡി.എഫ് ഭരണകാലത്ത് ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ വർഷത്തിൽ അഞ്ചു തവണയെങ്കിലും അട്രോസിറ്റി കമ്മിറ്റികൾ കൂടാറുണ്ടായിരുന്നു. എന്നാൽ പിണറായി സർക്കാർ വന്നതിനുശേഷം എത്ര തവണ ഇത്തരം യോഗങ്ങൾ ചേർന്നുവെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.​

പട്ടികവിഭാഗ പീഡനങ്ങൾക്കെതിരെ സർക്കാരും കോടതികളും കമ്മീഷനും ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്നെങ്കിൽ നിതിൻ രാജിനെപ്പോലുള്ള മിടുക്കരായ വിദ്യാർത്ഥികൾക്ക് കലാലയങ്ങളിൽ ഇത്തരം ദാരുണമായ അന്ത്യം സംഭവിക്കില്ലായിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.