ബംഗാളിൽ മമതയ്ക്ക് കനത്ത തിരിച്ചടി; വിമത നേതാവ് ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവ്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമതാ ബാനർജി വിഭാഗത്തെ പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് വിമത നേതാവ് ഋതബ്രത ബാനർജിയെ പുതിയ പ്രതിപക്ഷ നേതാവായി നിയമസഭാ സ്പീക്കർ അംഗീകരിച്ചു. തനിക്ക് എം.എൽ.എമാരുടെ ഭൂരിപക്ഷ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്ന 59 ജനപ്രതിനിധികളുടെ കത്തുമായി ഋതബ്രത ബാനർജി സ്പീക്കറെ സമീപിച്ചിരുന്നു. ഈ കത്തിലെ ഭൂരിപക്ഷം പരിശോധിച്ച ശേഷമാണ് സ്പീക്കറുടെ നിർണായക പ്രഖ്യാപനം. അതേസമയം, മുതിർന്ന നേതാവ് ശോഭൻ ദേബ് ചതോപാധ്യായെ പ്രതിപക്ഷ നേതാവാക്കണമെന്ന് ആവശ്യപ്പെട്ട് മമതാ ബാനർജി പക്ഷം നൽകിയ കത്ത് സ്പീക്കർ തള്ളുകയും ചെയ്തു.​

ബംഗാൾ രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ തുടരുന്നതിനിടെ, കേന്ദ്ര ഭരണകക്ഷിയായ ബിജെപി തങ്ങളുടെ നീക്കങ്ങൾ കൂടുതൽ സജീവമാക്കിയിട്ടുണ്ട്. പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി സുവേന്ദു അധികാരിയെയും സ്പീക്കറെയും ബിജെപി കേന്ദ്ര നേതൃത്വം അടിയന്തരമായി ദില്ലിയിലേക്ക് വിളിപ്പിച്ചു. നിലവിലെ പ്രതിസന്ധികൾക്ക് പിന്നാലെ പാർട്ടി ഭരണഘടനയിൽ വലിയ അഴിച്ചുപണികൾ നടത്താൻ മമത വിഭാഗവും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ പോഷക സംഘടനകൾ ഉൾപ്പെടെയുള്ള എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി നേതൃത്വം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. സമഗ്രമായ വിലയിരുത്തലുകൾക്ക് ശേഷം മാത്രമേ പുതിയ പുനസംഘടന ഉണ്ടാകൂ എന്നും പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്.