ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിൽ യമുനാനദിയിൽ ഒമ്പത് യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി മൂന്ന് മരണം. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങളാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. അപകടത്തിൽപ്പെട്ട മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു.
കാണാതായ മൂന്ന് കുട്ടികൾക്കായി നിലവിൽ തിരച്ചിൽ തുടരുകയാണ്. എൻ.ഡി.ആർ.എഫ് (NDRF), എസ്.ഡി.ആർ.എഫ് (SDRF) സംഘങ്ങൾ സ്ഥലത്തെത്തി സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. ഘടംപൂരിൽ നിന്നുള്ള സംഘമാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.
ബോട്ടിൽ വെള്ളം കയറി നദിയിൽ താഴ്ന്നുപോയതാണ് അപകടത്തിന് കാരണമായത്. കാണാതായവർക്കായി ഊർജ്ജിതമായ തിരച്ചിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു
