കാസർഗോഡ്: തൃക്കരിപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെ പടന്ന കടപ്പുറത്തുണ്ടായ സംഘർഷത്തിൽ 180 പേർക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 100 യുഡിഎഫ് പ്രവർത്തകർക്കും 80 സിപിഎം പ്രവർത്തകർക്കും എതിരെയാണ് നടപടി. റോഡ് ഷോ പടന്ന കടപ്പുറത്ത് എത്തിയപ്പോൾ വഴി തടസ്സപ്പെടുത്തിയത് സംബന്ധിച്ച തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്.
സംഘർഷത്തിനിടെ ഇരുവിഭാഗങ്ങളും തമ്മിൽ കല്ലേറുണ്ടാവുകയും പ്രദേശത്തെ സിപിഎം ഓഫീസിന് നേരെ ആക്രമണം നടക്കുകയും ചെയ്തു. പടന്നക്കടപ്പുറം ലോക്കൽ കമ്മിറ്റി ഓഫീസായ പി.പി. ദാമോദരൻ സ്മാരക മന്ദിരം യുഡിഎഫ് പ്രവർത്തകർ അടിച്ചുതകർത്തതായി പരാതിയുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ പോലീസ് ലാത്തിവീശിയാണ് അക്രമികളെ ഓടിച്ചത്. കല്ലേറിലും ലാത്തിചാർജിലും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
എൽഡിഎഫ് പ്രവർത്തകരായ പി.വി. മധു, പി.കെ. കുഞ്ഞികൃഷ്ണൻ, എ.വി. സുനിത, എ.വി. ശ്രീരാഗ്, സി. ശ്രീരാഗ്, ടി. ശരത് എന്നിവർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ പ്രദേശത്ത് കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാൻ ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
