ന്യൂഡൽഹി: നീറ്റ് (NEET) പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ ചോർച്ചയും തട്ടിപ്പുകളും തടയുന്നതിനായി കടുത്ത നടപടികളുമായി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി രാജ്യത്ത് ജനപ്രിയ മെസ്സേജിങ് ആപ്പായ ടെലഗ്രാമിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. ജൂൺ 22 വരെയാണ് ടെലഗ്രാം ആക്‌സസ് ചെയ്യുന്നതിന് നിയന്ത്രണമുള്ളത്.തെറ്റായ വിവരങ്ങൾ തിരുത്തി പ്രചരിപ്പിക്കുന്നത് തടയാൻ ടെലഗ്രാമിലെ മെസ്സേജ് എഡിറ്റിങ് ഫീച്ചർ ജൂൺ 30 വരെ ഇന്ത്യയിൽ റദ്ദാക്കിയിട്ടുമുണ്ട്.
പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും ഇതിനകം തന്നെ നീക്കം ചെയ്തു.വിവിധ സംസ്ഥാനങ്ങളിൽ ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണ്. ഇതിനിടെ ‘എൻഇഇടി പേപ്പർ ലീക്ക്’ എന്ന പേരിൽ വ്യാജമായി പ്രവർത്തിച്ചിരുന്ന നിരവധി ചാനലുകൾ അധികൃതർ പൂട്ടിപ്പിച്ചു. അതേസമയം, ടെലഗ്രാം വഴിയും മറ്റും ചോദ്യപേപ്പർ നൽകാമെന്ന് പറഞ്ഞ് സമീപിക്കുന്നവർ പൂർണ്ണമായും തട്ടിപ്പുകാരാണെന്നും ഇത്തരം വാഗ്ദാനങ്ങളിൽ വീഴരുതെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി.
