ഗ്യാനേഷ് കുമാറിന് സുപ്രീം കോടതിയിൽ തിരിച്ചടി: വോട്ടർപട്ടിക ക്രമക്കേടിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി നേരിട്ടു. അദ്ദേഹം ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു എന്ന ആരോപണങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം 6-ൽ (Form 6) മാറ്റം വരുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നൽകിയിരുന്നു എന്ന ഗ്യാനേഷ് കുമാറിന്റെ വാദം തള്ളിയ കോടതി, ഇത്തരം ഒരു മാറ്റത്തിന് അനുമതി നൽകിയിരുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തുടർന്ന്, ഗ്യാനേഷ് കുമാറിനെതിരായ ഹർജികളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തു.

ഹർജിയിൽ ഉന്നയിച്ചിട്ടുള്ള ഗുരുതരമായ ആരോപണങ്ങളിൽ ഒരു ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പ്രധാന രേഖകളെല്ലാം കോടതി നേരിട്ട് പരിശോധിക്കുമെന്നും, ചീഫ് ഇലക്ഷൻ കമ്മീഷണറുടെ ഭാഗത്തുനിന്ന് ഏകപക്ഷീയമായ തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടികളുമായി മുന്നോട്ടുപോകുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷൻ മുന്നറിയിപ്പ് നൽകി. ഇതിനുപുറമേ, എസ് ഐ ആർ (SIR) മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.