പുനലൂർ: കൊല്ലം പുനലൂരിലെ പോളിടെക്നിക് കോളേജിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല സൈറ്റുകളിലും ടെലഗ്രാം ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചെന്ന പരാതിയിൽ വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥിയായ അച്യുതിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ആരോപണവിധേയനായ വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ പൊലീസ് പരിശോധിക്കും. മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് പുറമെ ചിത്രങ്ങൾ വിറ്റ് പണം നേടിയെന്നും പരാതിയിൽ ആരോപണമുണ്ട്. അച്യുതിനെതിരെ സഹപാഠികൾ തന്നെയാണ് കോളേജ് പ്രിൻസിപ്പലിന് പരാതി നൽകിയത്.
തുടർന്ന് പ്രിൻസിപ്പൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ, ആരോപണവിധേയനായ വിദ്യാർത്ഥി സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമ്മതിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെ വിദ്യാർത്ഥിയെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്നാണ് വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
