സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഒരേ വെള്ളനിറം നിർബന്ധമാക്കിയിരുന്ന ഉത്തരവ് പിൻവലിക്കാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനിച്ചു. ഇതിന് ഹൈക്കോടതിയും അംഗീകാരം നൽകിയതോടെ ബസ് ഉടമകൾക്ക് ഇനി വാഹനങ്ങൾക്ക് ഇഷ്ടമുള്ള നിറം തിരഞ്ഞെടുക്കാം.
2022ൽ നടന്ന വടക്കാഞ്ചേരി ബസ് അപകടത്തിന് പിന്നാലെയാണ് ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയത്. എന്നാൽ, ഈ തീരുമാനം ടൂറിസ്റ്റ് ബസ് മേഖലയെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചെന്ന് ഉടമകൾ ചൂണ്ടിക്കാട്ടിയിരുന്നു.
കേരളത്തിൽ വെള്ളനിറ നിയന്ത്രണം നിലനിൽക്കുമ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഓൾ ഇന്ത്യ പെർമിറ്റിൽ സർവീസ് നടത്തുന്ന ബസുകൾക്ക് ഇത്തരം നിബന്ധനകൾ ബാധകമല്ലായിരുന്നു. ഇതോടെ കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് ആവശ്യത്തിന് യാത്രകൾ ലഭിക്കാത്ത സാഹചര്യമുണ്ടായി.
മേഖലയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികളെയും നിയന്ത്രണം പ്രതികൂലമായി ബാധിച്ചു.ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബസ് ഉടമകൾ നൽകിയ നിവേദനങ്ങൾ പരിഗണിച്ചാണ് നിറം സംബന്ധിച്ച നിബന്ധന പുനഃപരിശോധിക്കാൻ സർക്കാർ കഴിഞ്ഞ സെപ്റ്റംബറിൽ വിജ്ഞാപനം പുറപ്പെടുവിച്ചത്. തുടർന്നാണ് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കുന്ന നടപടിക്ക് അംഗീകാരം ലഭിച്ചത്.
