തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു. ചെന്നിത്തലയുടെ വസതിയിലെത്തി സതീശൻ അദ്ദേഹത്തെ സന്ദർശിച്ചതിന് ശേഷമായിരുന്നു സംയുക്ത മാധ്യമസമ്മേളനം. രമേശ് ചെന്നിത്തല എന്നും തന്റെ നേതാവാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. കൂടിക്കാഴ്ചയ്ക്കിടെ ചെന്നിത്തലയെ സതീശൻ മന്ത്രിസഭയിലേക്ക് ക്ഷണിച്ചതായും റിപ്പോർട്ടുകളുണ്ട്.
മന്ത്രിസ്ഥാനത്തെക്കുറിച്ച് പാർട്ടി തീരുമാനമെടുക്കുമെന്നും യാതൊരുവിധ ഉപാധികളും തനിക്കില്ലെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. പുതിയ സർക്കാരിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട നിർണ്ണായക ചർച്ചകൾക്കിടയിലാണ് ഇരുവരും തമ്മിലുള്ള ഈ സുപ്രധാന കൂടിക്കാഴ്ച നടന്നത്. നേതാക്കൾക്കിടയിലുള്ള ഐക്യവും സൗഹൃദവും വ്യക്തമാക്കുന്നതായിരുന്നു ഇരുവരുടെയും പ്രതികരണങ്ങൾ.
