ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നാളെ മുതൽ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് കോക്രോച്ച് ജനത പാർട്ടി (സി ജെ പി) ആഹ്വാനം ചെയ്തു. നാളെ പൂനെയിൽ നിന്നാണ് സമര പരമ്പരയ്ക്ക് തുടക്കമിടുന്നത്. തുടർന്ന് വരും ദിവസങ്ങളിൽ ലക്നൗ, അമൃത്സർ, ബെംഗളൂരു, ജയ്പൂർ, ഹൈദരാബാദ് തുടങ്ങിയ രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നും സംഘടന ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച, സാങ്കേതിക തകരാറുകൾ, ഭരണപരമായ അനാസ്ഥ എന്നിവയിലൂടെ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ് അപകടത്തിലായിരിക്കുന്നത്. ഈ ഗുരുതരമായ വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിദ്യാഭ്യാസ മന്ത്രി തയ്യാറാകുന്നില്ലെന്ന് സി ജെ പി കുറ്റപ്പെടുത്തി. ഉത്തരവാദിത്തം എപ്പോഴും ഭരണകൂടത്തിന്റെ തലപ്പത്തുനിന്നുതന്നെയാണ് ആരംഭിക്കേണ്ടതെന്നും, ലക്ഷക്കണക്കിന് യുവാക്കളെയും അവരുടെ കുടുംബങ്ങളെയും ബാധിക്കുന്ന ഈ ദേശീയ പ്രശ്നത്തിൽ മന്ത്രി രാജി വെക്കും വരെ സമാധാനപരമായ പ്രതിഷേധം തുടരുമെന്നും സംഘടന അറിയിച്ചു.
കഴിഞ്ഞ ജൂൺ 6 ന് ഡൽഹിയിലെ ജന്തർ മന്ദറിലേക്ക് വിദ്യാർത്ഥികൾ നടത്തിയ ചരിത്രപരമായ കൂട്ടായ്മ, ഈ സർക്കാരിനെ ചോദ്യം ചെയ്യാൻ രാജ്യത്തെ യുവാക്കൾ ഒട്ടും ഭയപ്പെടുന്നില്ല എന്നതിന്റെ വ്യക്തമായ തെളിവാണെന്നും സി ജെ പി ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികളുടെ ഭാവി മുൻനിർത്തിയുള്ള ഈ സമാധാനപരമായ പ്രക്ഷോഭം ലക്ഷ്യം കാണും വരെ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് സംഘടനയുടെ തീരുമാനം.
