പാലക്കാട്: ആർ. ശ്രീലേഖ ബിജെപിയിലേക്ക് എത്തിയത് മേയർ സ്ഥാനം അടക്കമുള്ള ഓഫറുകൾ പ്രതീക്ഷിച്ച് മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. പ്രത്യേക രാഷ്ട്രീയ നിലപാടുകളില്ലാത്ത ഇവർക്ക് ഏത് പാർട്ടിയിലേക്കും പോകാവുന്നതാണ്. ആനുകൂല്യങ്ങൾ ലക്ഷ്യമിട്ട് പാർട്ടിയിൽ ചേരുന്നവർ രാഷ്ട്രീയമായി മുന്നോട്ട് പോകണമെന്ന് നിർബന്ധമില്ലെന്നതിന്റെ ഉദാഹരണമാണ് ശ്രീലേഖയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ശ്രീലേഖ മേയർ പദവി ആഗ്രഹിച്ചിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. അവർ പൂർണ്ണമായ രീതിയിലല്ല മേയർക്ക് രാജി സമർപ്പിച്ചിട്ടുള്ളത്. ഈ നീക്കം ബിജെപിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളുടെ ഭാഗമാണെന്നും അല്ലാതെ മറ്റു രാഷ്ട്രീയ കാര്യങ്ങൾ ഇതിനു പിന്നിലുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഈ രാജിയെത്തുടർന്ന് തിരുവനന്തപുരം നഗരസഭയിൽ സ്വാഭാവികമായും ഭരണപ്രതിസന്ധി ഉണ്ടാകുമെന്നും അത് പാർട്ടിക്ക് അനുകൂലമായ രീതിയിൽ സിപിഎം വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
