തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ പവർ കട്ടില്ലെന്നും എന്നാൽ ചിലയിടങ്ങളിൽ പവർ ഫെയിലിയർ ഉണ്ടാകുന്നുണ്ടെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഈ തടസ്സമെന്നും ഇനിയും കുറച്ചുദിവസങ്ങൾ കൂടി ഈ പ്രയാസം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യം കണക്കിലെടുത്ത് ജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
കെപിസിസി അധ്യക്ഷൻ മാറുമോ എന്ന കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തൽക്കാലം രണ്ടുംകൂടി ഒരുമിച്ച് കൊണ്ടുപോകുന്നുണ്ട്. എന്നാൽ രണ്ടു ചുമതലകളും ഒരാൾ തന്നെ കൈകാര്യം ചെയ്യുന്നതിനേക്കാൾ നല്ലത് വേറൊരാൾ വരുന്നതാണെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും സണ്ണി ജോസഫ് പറഞ്ഞു. കൂടാതെ, കെഎസ്ഇബി ചെയർമാനായി രത്തൻ ഖേൽക്കറെ നിയമിച്ചതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം അങ്ങേയറ്റം കാര്യശേഷിയുള്ള ഉദ്യോഗസ്ഥനാണെന്നും മന്ത്രി വ്യക്തമാക്കി.
